Showing posts with label തുടക്കം. Show all posts
Showing posts with label തുടക്കം. Show all posts

Tuesday, July 24, 2007

ബ്ലോഗസ്യാ തൊടങ്ങ്യസ്യാ!!

ഹലോ.. ഹലോ...

മൈക്ക് ടെസ്റ്റ്.. മൈക്ക് ടെസ്റ്റ്..

പ്രിയമുള്ള സുഹൃത്തുക്കളെ,

ഞാന്‍‌ അഭിലാഷ്. കുറച്ച് കാലമായി ബ്ലോഗ് ലോകത്തെ രചനകള്‍‌ നിരീക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു എളിയ ആസ്വാദകന്‍‌.
ഈയിടെയായി തോന്നിയ ഒരു ‘അഭിലാഷമാണ്’ അതിവിശാലമായി പരന്നുകിടക്കുന്ന ഈ ബ്ലോഗ് വനത്തില്‍‌ എനിക്കും ഒരു സെന്റ് സ്ഥലം വേണം, മാത്രമല്ല ആ സ്ഥലത്ത് മിനിമം ഒരു ‘ പോസ്റ്റ് ' എങ്കിലും കുഴിച്ചിടുകയും വേണം എന്നുള്ളത്. പക്ഷെ, ഒരുപാട് പുലികള്‍‌ ഒറ്റയ്‌ക്കും കുട്ടത്തോടെയും കറങ്ങിനടക്കുന്ന ഈ ബ്ലോഗ് വനത്തിനുള്ളില്‍‌ ഈ പാവം എലി എന്തു ചെയ്യും എന്ന പരിഭ്രമമായിരുന്നു. എന്നാല്‍‌, സ്വന്തം അനുഭവങ്ങളും, ചിന്തകളും അഭിപ്രായങ്ങളും, നര്‍മ്മവും, വിജ്ഞാനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി വല്ലപ്പോഴും പങ്കുവയ്ക്കാന്‍‌ ഈ മാധ്യമം സഹായിക്കും എന്നുള്ളതിനാലും, നല്ല ഒരു ഓണ്‍ലൈന്‍‌ സൌഹൃദസമൂഹത്തിന്റെ ഭാഗമാവാന്‍‌ കഴിയും എന്നുള്ളതിനാലും, എന്റെ ‘അഭിലാഷങ്ങളില്‍‌‘ ഒന്നെങ്കിലും സാധ്യമാകും എന്നതിനാലും, ഞാനും... ഈ ബ്ലോഗ് ലോകത്തേക്ക് പ്രവേശിക്കാന്‍‌ തീരുമാനിച്ചതായി ഇതിനാല്‍‌ വിളം‌ബരം ചെയ്യുന്നൂ..... ഡും..ഡും..ഡും..ഡും..ഡും!


ബ്ലോഗിങ്ങ് എന്നത് എന്ത് കുന്ത്രാണ്ടമാണെന്ന് പരിചയപ്പെടുത്തിയ കൊടകര പഞ്ചായത്തിന്റെ കണ്ണിലുണ്ണി ‘വിശാലമനസ്കനും’, വെറുതെയിരിക്കുമ്പോള്‍‌ നീയും വല്ല അനുഭവവും പങ്കുവെയ്‌ക്കൂ എന്ന് പറഞ്ഞ് എന്നെ ഈ ‘അക്രമത്തിലേക്ക്’ തള്ളിവിട്ട്, ഈ ബ്ലോഗിന് ‘അഭിലാഷങ്ങള്‍‌‘ എന്നു പേര് നിര്‍ദ്ദേശിച്ച ശേഷം, ഗൂഗ്‌ള്‍‌ ടോക്കില്‍‌, “അങ്ങിനെ ഒരുത്തനേക്കൂടി ബ്ലോഗറക്കി നശിപ്പിച്ചപ്പോള്‍‌ എന്തൊരാശ്വാസം” എന്ന് സ്റ്റാറ്റസ് മെസ്സേജ് ഇട്ട മഹാത്മാവ് അഗ്രജാപ്രദേശ് മണ്ടലം സെക്രട്ടറി ശ്രീമാന്‍‌ ‘അഗ്രജനും’ എന്റെ നന്ദി രേഖപ്പെടുത്തട്ടെ..!


കീബോഡിലെ നിരനിരയായിരിക്കുന്ന അക്ഷരങ്ങളിലൂടെ വിരലോടിച്ചുകോണ്ട് നിങ്ങളിലൊരുവനാകാന്‍‌ ഞാനിങ്ങോട്ട് കടന്നുവരുന്നു... എല്ലാവരുടെയും സഹകരണങ്ങള്‍‌ പ്രതീക്ഷിച്ചുകൊണ്ട്....

അഭിലാഷ് (ഷാര്‍ജ്ജ)