Saturday, July 28, 2007

“ഹേ അജ്‌നബി”- ഒരു ഫ്ലാഷ്‌ബേക്ക്

ഞാന്‍‌ ആദ്യമായി പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ അവള്‍ക്കായ് പാടിയ ഒരു ഗാനം ആദ്യപോസ്റ്റായി ഇവിടെ സമര്‍പ്പിക്കട്ടെ... കൂടെ അതിനു പിന്നിലെ "ചരിത്ര"വും... !!

Song ഗാനം : hey Ajnabhi.. ഹേ അജ്‌നബി.....
Film ചിത്രം : Dil Se ദില്‍‌ സെ

Audio Player: my Attempt for her..!


(If you are unable to play, download the song)


അന്ന്‍ ഒരു "ജുലായ് രണ്ട് " . . .!

കൃത്യമായി ഒര്‍ക്കാന്‍‌ കാരണം അന്ന് എന്റെ ജന്‍‌മദിനമായിരുന്നു.

പൂനെയില്‍‌ ശിവാജി നഗറിലെ ഒരു തണുത്ത പ്രഭാതം.

മൂന്ന് ദിവസം മുന്‍‌പ് പെയ്ത് തോര്‍ന്ന മഴയുടെ കുളിര്‍മ്മ ഇപ്പോഴും നിലനിലനില്‍‌ക്കുന്ന സമ്പാജിപാര്‍ക്കിലെ കോണ്‍ക്രീറ്റ് ചെയ്ത നടപ്പാതയിലൂടെ പതിവുപോലെ മോണിങ്ങ് വോക്കിന് ഇറങ്ങിയതാണ്. പക്ഷെ ഇന്ന് ഒരു ഉദ്ദേശം കൂടിയുണ്ട്. സാധാരണ നടത്തം അവസാനിപ്പിക്കാറുള്ള സ്ഥലത്തുനിന്നും കുറേ ദൂരം മുന്നോട്ട് പോകണം.. എങ്കിലേ രാസ്‌താപ്പേട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍‌ എത്തു..പിറന്നാള്‍‌ പ്രമാണിച്ച് ഒരു ക്ഷേത്രദര്‍ശനം കൂടി ഇന്നത്തെ അജണ്ടയിലുണ്ട്.. പാര്‍ക്കിനുള്ളിലെ നടപ്പാതയിലൂടെ കുറേ മുന്നോട്ടെത്തിയപ്പോഴാണ് മനസ്സിനെ പിടിച്ചു നിര്‍ത്തിയ ആ പാട്ട് കേട്ടത്. ഒരു കാലത്ത് രാജ്യസ്നേഹികളുടെ ദേശഭക്തിയേയും വികാരങ്ങളേയും ഉണര്‍ത്തി രോമാഞ്ചം കോള്ളിച്ച, ലതാ മങ്കേഷ്കര്‍ പാടിയ, "ഹേ മേരേ വതന്‍‌ കേ ലോഗോ.." എന്ന ഗാനം, ശ്രുതിയിലോ താളത്തിലോ ഭാവത്തിലോ ഒട്ടും കോട്ടം തട്ടാതെ ഒഴുകിവരികയാണ്.. ഈ തണുത്ത വെളുപ്പാന്‍‌കാലത്ത് ആരാണ് ഇത്ര മനോഹരമായി പാടുന്നത് ? സംഗീതത്തെ ഒരുപാട് ഇഷ്ട്പ്പെടുകയും ബാത്ത്‌റൂമില്‍‌ സ്വന്തമായി നിത്യവും ഗാനമേള നടത്തുകയും ചെയ്യാറുള്ള ഞാന്‍‌ ആ ഗാനം കേട്ട സ്ഥലത്തേക്ക് നടന്നു.

ഒരു കാറ്റാടിമരത്തിനു കീഴിലെ പുല്‍‌ത്തകിടിയില്‍‌ ഇരുന്ന്, തണുപ്പിനോട് പൊരുതാന്‍‌ ഒരു സ്വറ്ററിട്ട്, വെളുത്ത് മെലിഞ്ഞ ഒരു കൊച്ചുസുന്ദരി.. കൂടെ കൊച്ചനുജനും ഉണ്ട്. അവള്‍ക്ക് ഒരു ഹൈസ്കൂള്‍‌ വിദ്യാര്‍ത്ഥിനിയുടെ ലുക്ക്, അനുജന് ഒരു പ്രൈമറി സ്കൂള്‍‌ ബോയ് ലുക്കും... കണ്ടിട്ട് മലയാളികള്‍‌‌ അല്ലെന്ന് മനസ്സിലായി. അവരുടെ അടുത്തൊന്നും ആരും ഉണ്ടായിരുന്നില്ല. എന്തൊരു മാധുര്യമുള്ള ശബ്ദം. എന്തൊരു ഭാവ തീവ്രത. എന്തൊരു ഫീലിങ്ങ്!. ഞാന്‍‌ സത്യത്തില്‍‌ ആശ്ചര്യപ്പെട്ടു പോയി. അവിടെ ഉണ്ടായിരുന്ന ഒരു ബെഞ്ചില്‍‌ അവര്‍ കാണാതെ ഞാന്‍ ഇരുന്നു, അവളുടെ പാട്ടില്‍‌ മുഴുകി. ആ കുട്ടി അല്പസമയം കഴിഞ്ഞ് അനുജനോടൊപ്പം തിരിച്ച് പോയി. മോണിങ്ങ്‌വോക്ക് കഴിഞ്ഞുള്ള വിശ്രമവേളയെ സംഗീതാത്മകമാക്കുകയായിരുന്നു അവള്‍‌.

പിറ്റേന്ന്, പതിവിലും ഉന്‍‌മേഷത്തോടെ ഞാന്‍‌ മോണിങ്ങ്‌വോക്കിനിറങ്ങി. ഇന്നത്തെ ഏക ഉദ്ദേശം പാര്‍ക്കിലെ കാറ്റാടിമരക്കൂട്ടങ്ങളുടെ സമീപം വേഗം എത്തുക.. ആ കുട്ടിയെ പരിചയപ്പെടുക എന്നതായിരുന്നു.. ഇന്നും ആ സുന്ദരിക്കുട്ടി അവിടെ ഇരിക്കുന്നുണ്ട്.. കൂടെ അനുജനും. രണ്ടുപേരും എന്തോ നര്‍മ്മസംഭാഷണത്തിലാണ് എന്നു അവരുടെ ഭാവങ്ങള്‍‌ കണ്ട് ഞാന്‍‌ മനസ്സിലാക്കി. ഇന്നു പരിചയപ്പെട്ടേ തീരൂ എന്ന് ഉറപ്പിച്ച് അവളുടെ അടുത്തു പോയിരുന്നു.

ഞാന്‍‌ അവളോട് ചോദിച്ചു: "തുമാരാ നാം ക്യാ ഹെ?"

അവള്‍‌ അല്‍‌പം ആശ്ചര്യത്തോടെ എന്നെ നോക്കി...

ചോദിച്ചത് മനസ്സിലാവാത്ത മുഖഭാവം. ഞാന്‍‌ ചോദിച്ചു : "യൂ വേര്‍ സിങ്ങിങ് സോ ബ്യൂട്ടിഫുളി യെസ്റ്റ്‌ര്‍ഡേ.. വാട്ട് ഈസ് യുവര്‍ നേം? വേര്‍ ആര്‍ യു ഫ്രം?"

അവള്‍‌ പറഞ്ഞു: "ഓ..! ഹും.. മാജാ നാവ് സഞ്ചനാ യെ.. മീ യേ ഗാവത്ത്‌ലേ...!"

ദൈവമേ ചതിച്ചോ.. ഇതോരു തനി മറാ‍ഠിക്കുട്ടിയാണെന്നു തോനുന്നു. അവള്‍ പറഞ്ഞതില്‍‌ നിന്നും അവളുടെ പേര് സഞ്ചന എന്നാണെന്ന് മാത്രം മനസ്സിലായി. ഇവള്‍ക്ക് ഹിന്ദിയും ഇംഗ്ലീഷും അറിയില്ലെങ്കില്‍‌ ഞാനിനി കൂടുതല്‍‌ എങ്ങിനെ പരിചയപ്പെടും?.

ഞാന്‍‌ ഒരു ശ്രമം കൂടി നടത്തി: "ഇന്‍‌ വിച്ച് ക്ലാസ്സ് യു ആര്‍ സ്റ്റ്ഡിയിങ്ങ്, സഞ്ചനാ? "

ഈ ചെറിയ ചോദ്യത്തിന് അവള്‍‌ ഉത്തരം നല്‍‌കിയത് നല്ല നീളമുള്ള മറാഠി വാചകങ്ങളിലൂടെയായിരുന്നു. എനിക്ക് ഒന്നും മനസ്സിലായില്ല. ഞാന്‍‌ ആകെ ധര്‍മ്മസങ്കടത്തിലായി.

അവസാന ശ്രമമെന്ന നിലയില്‍‌ ഞാന്‍‌ വീണ്ടും ചോദിച്ചു "വില്‍ യു പ്ലീസ് സിങ്ങ് വണ്‍ മോര്‍ സോങ്, സഞ്ചനാ? ഏക്ക് ഗാനാ ഓര്‍ ഗാവോ..!"

മറുപടിയായി ലഭിച്ചതു നേരത്തെ പറഞ്ഞതിനേക്കാ‍ള്‍‌ വലിയ മറാഠി വാചകം...

ആറ് മാസത്തെ അനുഭവം കൊണ്ട് അല്‍‌പസ്വല്‍‌പം മറാ‍ഠി കേട്ടാല്‍‌ മനസ്സിലാവുന്ന പരുവത്തിലെത്തിയിരുന്ന എനിക്കു അവള്‍‌ പറഞ്ഞതിന്റെ അര്‍ഥം ‘താങ്കളുടെ ഭാഷയൊന്നും എനിക്ക് മനസ്സിലാകുന്നില്ല സുഹൃത്തേ’ എന്നപോലെ എന്തൊ ആണെന്നു മാത്രം മനസ്സിലായി.
ഇവള്‍‌ ഒരു തനി നാടന്‍‌ മറാഠിപ്പെണ്ണ്... എനിക്കു പേരറിയാത്ത മറാഠി ദൈവങ്ങളേ... ഈ ഭാഷ എനിക്കൊരു പാരയാവുന്നല്ലോ എന്ന് മനസ്സില്‍‌ ഓര്‍ത്ത്, എന്ത് ചെയ്യുമെന്നറിയാതെ വിദൂരതയിലേക്ക് നോക്കി അല്പനേരം ഞാന്‍‌ നിന്നു. അപ്പോഴാണ് സഞ്ചനാ എന്ന ആ‍ കൊച്ചു സുന്ദരി അനുജനുമൊത്ത് അടക്കിപ്പിടിച്ച് ചിരിക്കുന്നത് കണ്ടത്. ഞാന്‍‌ അവരെ നോക്കിയപ്പോള്‍‌ അവര്‍ ചിരി അടക്കാന്‍‌ കഴിയാതെ പൊട്ടിച്ചിരിച്ചു.

അവള്‍‌ പറഞ്ഞു "ഐ ആം സോ സോറി ബ്രദര്‍... ഐ വോസ് ജസ്റ്റ് ട്രയിങ്ങ് ടു മേക്ക് ഫണ്‍ ഓഫ് യു... ഐ നോ ഹിന്ദി ആന്റ് ഇംഗ്ലീഷ് വെരി വെല്‍‌.. എഗൈന്‍‌ ഐ ആം സേയിങ്ങ് സോറി റ്റു യു.."

എഡീ ഭയങ്കരീ... ! ഇവള്‍ ആളു കൊള്ളാമല്ലോ...!!

ഞാന്‍‌ അല്‍‌പം ചമ്മിയെങ്കിലും ആ പെണ്ണിന്റെ വികൃതിയും, നിഷ്കളങ്കമായ മുഖവും, മാധുര്യമൂറുന്ന ആ ശബ്ദവും എനിക്കു പിന്നീട് ഒരോ പ്രഭാതത്തിലും ഉണര്‍‌വേകി. അവളുമായി കൂടുതല്‍‌ അടുത്തപ്പോഴാണ് മനസ്സിലായത് അവര്‍ ഞാന്‍‌ താമസിക്കുന്ന ഫ്ലാറ്റിന്റെ തൊട്ടടുത്തെ മൂന്നാമത്തെ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് താമസിക്കുന്നതു എന്ന്. അവളുടെ മുഴുവന്‍ ബയോഡാറ്റയും ഒരു ആഴ്ച്ക്കകം ഞാന്‍‌ മനസ്സിലാക്കി.

അവള്‍‌ സഞ്ചന...

സഞ്ചന വിലാസ് താപ്‌കിര്‍...

പത്താം തരം വിദ്യാര്‍ഥിനി....

സ്കൂളിലെ അറിയപ്പെടുന്ന ഗായിക..

ടീച്ചര്‍മാരുടെ വാല്‍‌സല്യക്കുരുന്ന്...

പഠനത്തില്‍‌ എന്നും ഒന്നാമത്...

അഡ്വക്കേറ്റ് വിലാസ് താപ്കിറിന്റെ മകള്‍‌..

ചുറുചുറുക്കുള്ള മിടുമിടുക്കി...

പിന്നീട് എല്ലാ പ്രഭാതങ്ങളിലും സമ്പാജിപാര്‍ക്കിലെ കാറ്റാടിമരത്തണലില്‍‌ അവള്‍‌ എനിക്കായി സംഗീതവിരുന്നൊരുക്കി.. അവളെക്കൊണ്ട് നിത്യവും രണ്ട് പാട്ടെങ്കിലും ഞാന്‍‌ പാടിക്കാറുണ്ടായിരുന്നു.. ലതാജിയും, ആഷാജിയും, സോനു നിഗവും ഒക്കെ പാടിയ ഗാനങ്ങള്‍‌ അവളിലൂടെ ഞാന്‍‌ വീണ്ടും ആസ്വദിച്ചു.

ഒരിക്കല്‍‌ ഞാന്‍‌ അവളെയും അനുജനേയും വീട്ടിലേക്ക് ക്ഷണിച്ചു. എന്റെ ആന്റിയോടും അങ്കിളിനോടും ഞാന്‍‌ അവളെകുറിച്ച് വര്‍ണ്ണിക്കാറുണ്ടായിരുന്നു. അവരും നിര്‍ബന്ധിച്ചു.. ആ കുട്ടിയെ ഒരു ദിവസം വീട്ടിലേക്ക് വിളിക്കൂ എന്നു...ഒരു ഞായറാഴ്ച്ക്.. അവള്‍‌ വീട്ടില്‍‌ വന്നു.. 23 വര്‍ഷമായി പൂനെയില്‍‌ സെറ്റില്‍‌ഡ് ആയിരുന്ന എന്റെ റിലേറ്റീവ്സുമായി അവള്‍‌ മറാഠിയില്‍‌ ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു.

അങ്ങിനെ പല പല പ്രഭാതങ്ങള്‍‌..

പല പല ഞായറാഴ്ച്കള്‍‌...

ഞായറാഴ്ച്കളെ ധന്യമാക്കിയ ‘അന്താക്ഷരികള്‍‌‘ ..

ഞങ്ങള്‍‌ കൂടുതല്‍‌ കൂടുതല്‍‌ അടുക്കുകയായിരുന്നു...
ദിനങ്ങള്‍‌ കടന്നു പോയി.. ദിനങ്ങള്‍‌ ആഴ്ച്കകളായും ആഴ്ചകള്‍‌ മാസങ്ങളായും പരിണമിച്ചു..

ഒരു ദിവസം മുതല്‍‌ പ്രഭാത സവാരിക്കു അവളെ കാണാതായി...
ഒരു ദിനം.. രണ്ട് ദിനം.. മൂന്ന് ദിനം...

അവളില്ലാത്ത ഒരു പ്രഭാതസവാരി എനിക്കു അസഹനീയമായ ഒരു അനുഭവമായിരുന്നു... ഞാന്‍‌ അങ്കിളിനെയും കൂട്ടി അവളുടെ വീട്ടിലേക്ക് പോകാന്‍‌ തീരുമാനിച്ചു. അവളുടെ വീട് പൂട്ടിയിരുന്നു..അടുത്ത വീട്ടില്‍‌ ചോദിച്ചപ്പോഴാണ് അറിഞ്ഞത് സഞ്ചന പൂനെയിലെ റൂബി ഹോസ്പിറ്റലില്‍‌ കഴിഞ്ഞ മൂന്ന് ദിവസമായി അഡ്‌മിറ്റാണ് എന്നത്..അയല്‍‌ക്കാര്‍‌ പറഞ്ഞാണ് കൂടുതല്‍‌ വിവരങ്ങള്‍‌ അറിഞ്ഞത്.. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഇത് നാലാം തവണയാണത്രെ... അന്നു ഞാന്‍‌, എന്നെ ആകെ പിടിച്ചുകുലുക്കിയ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങള്‍‌ അറിഞ്ഞു.. ആ പാവം പെണ്‍കുട്ടിക്ക് ജന്‍‌മനാതന്നെ ഹൃദയവാല്‍‌വിന്റെ പ്രവര്‍ത്തനത്തില്‍‌ തകരാറുണ്ടായിരുന്നു. വര്‍ഷങ്ങള്‍‌ക്കു മുന്‍പ് ഒരു ശസ്ത്രക്രിയ കഴിഞ്ഞതാണ്. പക്ഷെ ഇപ്പൊഴും ചിലപ്പോള്‍‌ അസ്വസ്ഥതകള്‍‌ ഉണ്ടാവാറുണ്ടെന്നും അയല്‍ക്കാര്‍‌ പറഞ്ഞു. അന്ന് രണ്ട് ദിവസം കൂടി കഴിഞ്ഞ് അവളെ ഡിസ്‌ചാര്‍ജ് ചെയ്തു.

അന്ന് മുതല്‍ സഞ്ചന എന്ന കുട്ടി എന്റെ മനസ്സില്‍‌ ഒരു വിങ്ങുന്ന അനുഭൂതി ആയി മാറിയിരുന്നു. നാളുകള്‍‌ കടന്നു പോയി..

ഡിസം‌മ്പര്‍ മാസത്തെ ആദ്യ വാരത്തില്‍‌ എനിക്ക് ഷാര്‍ജ്ജയിലേക്കുള്ള വിസ വന്നു. പൂനെയിലെ ആ മാസ്‌മരിക അന്തരീക്ഷത്തോടും, അന്ന് ജോലി ചെയ്തിരുന്ന റിന്‍ഫ്രൊ എന്ന അമേരിക്കന്‍‌ കമ്പനിയോടും വിടപറഞ്ഞ് ഈ അറബിനാട്ടിലേക്ക് ചേക്കേറിയപ്പോഴും ഞാന്‍‌ അവളുമായി ഫോണില്‍‌ സംസാരിക്കാറുണ്ടായിരുന്നു.

അന്നു ഒരു പുതുവത്സരദിനം...

ശിവാജി നഗറില്‍‌ 2006 നെ വരവേല്‍ക്കാന്‍‌ അനവധി ആഘോഷപരിപാടികള്‍‌ ഉണ്ടായിരുന്നു. ഗണേഷോല്‍‌സവത്തിനും, ഹോളിദിനത്തിലും, ദീപാവലിക്കും മാത്രം കണ്ടിരുന്ന വര്‍ണ്ണങ്ങള്‍‌ കൊണ്ടുള്ള മായികകാഴ്ചകള്‍ ഞാന്‍‌ ‘മിസ്സ് ചെയ്തു’ എന്നവള്‍‌ അറിയിച്ചിരുന്നു. ആ ദിനത്തില്‍‌ അവള്‍‌ ഒരു പുതുവത്സര സമ്മാനം ചോദിച്ചു. അവള്‍‌ക്കേറ്റവും ഇഷ്ട്മായിരുന്ന "ഹേ അജ്‌നബി.." എന്ന പാട്ട് ഞാന്‍‌ പാടി റക്കോഡ് ചെയ്ത് അവള്‍‌ക്കയച്ചുകൊടുക്കണം എന്നതാണാവശ്യം. അന്ന് കമ്പ്യൂട്ടറില്‍‌ റക്കോഡിങ്ങ് വിദ്യ പരിചയമില്ലാതിരുന്നിട്ടും, അത്ര പൂര്‍ണ്ണതയോടെ അല്ലെങ്കിലും ഒരുവിധം ഭംഗിയായി ചെയ്ത് അയച്ചു കൊടുത്തു. ‘ഹേ അജ്‌നബി..’ എന്നതിനു പകരം ‘ഹേ സഞ്ചനാ തു ഭീ കഭീ ആവാസ് ദേ കഹീ സേ’ എന്ന് വരികള്‍‌ മാറ്റിപ്പാടിയ ഗാനം അന്നവള്‍‌ക്ക് ഏറെ ഇഷ്ട്മായിരുന്നു.
മാസങ്ങള്‍‌ കടന്നു പോയി.


അന്ന് ഒരു ജുലായ് ഒന്ന്...

ഷാര്‍ജ്ജയിലെ ടെലിക്കോം കമ്പനിയായ എറ്റിസാലാറ്റിന്റെ, ഞാന്‍‌ ഉള്‍പ്പെടുന്ന പുതിയ പ്രൊജകറ്റ് തുടങ്ങിയിട്ട് ഇന്നു നാലു മാസം പൂര്‍ത്തിയാകുന്നു.
നാളെയുമുണ്ട് ഒരു പ്രത്യേകത...നാളെ ജൂലയ് രണ്ട് .. എന്റെ ജന്‍‌മദിനം...പ്രത്യേകതകള്‍‌ ഇനിയുമുണ്ട്.. ഞാന്‍‌ ആദ്യമായി സഞ്ചനയെ കണ്ട ദിവസം.. അതുകൊണ്ട്, നാളെ രാവിലെ എന്നെ വിളിച്ച് ‘ബര്‍ത്ത്ഡെ ആശംസകള്‍‌‘ തന്നേക്കണം എന്ന് ഓര്‍മ്മിപ്പിക്കാന്‍‌ ഞാന്‍‌ സഞ്ചനയുടെ വീട്ടില്‍‌ വിളിച്ചു.. ആ‍രും ഫോണ്‍‌ അറ്റന്റ് ചെയ്യുന്നില്ല.. രാവിലെയും, ഉച്ചയ്ക്കും വൈകീട്ടും ലൈന്‍‌ കിട്ടാതായപ്പോള്‍‌ ഞാന്‍‌ ആന്റിയുടെ വീട്ടിലേക്ക് വിളിച്ചു. അവിടുന്ന് ലഭിച്ച വിവരം എന്നെ വല്ലാതെ തളര്‍ത്തി...അവള്‍‌ വീണ്ടും ആശുപത്രിയിലെ ഐ.സി.യു വില്‍‌ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു...
ഇത്തവണ അല്‍‌പം സീരിയസ്സണെന്നാണ് ഡോക്ട്‌ര്‍മാര്‍ പറഞ്ഞത്..എന്റെ അങ്കിളും കസിന്‍‌ സിസ്റ്റേസും അവളെ കാണാന്‍‌ പോയിരിക്കുകയാണെന്നറിഞ്ഞു.. ശബ്ദ് സൌകുമാര്യം കൊണ്ട് അനുഗ്രഹീതയായ ആ മോള്‍‌ക്ക് ആപത്തൊന്നും വരുത്തല്ലേ ദൈവമേ എന്ന പ്രാര്‍ത്ഥനയോടെയാണ് ഞാന്‍‌ അന്ന് ഉറങ്ങാന്‍‌ കിടന്നത്..


ഇന്ന് "ജൂലയ് രണ്ട്.".

അതിരാവിലെ തന്നെ എന്റെ മൊബൈല്‍‌ ശബ്ദിച്ചു തുടങ്ങി.. മൊബൈല്‍‌ സ്ക്രീനില്‍‌ 'Home-Kerala calling...' എന്നെഴുതിക്കാണിച്ചപ്പോള്‍‌ മനസ്സിലായി ‘പിറന്നാള്‍‌ ആശംസകള്‍‌‘ അറിയിക്കാന്‍‌ കണ്ണൂരില്‍‌ നിന്നും പതിവ് രീതിയില്‍‌ അച്ഛ്നും, അമ്മയും, അനുജത്തിയും വിളിക്കുന്നതാണ്.. ഫോണെടുത്ത എന്നോട് അച്ഛന്‍‌ പതിവിനു വിപരീതമായി പതിഞ്ഞ ശബ്ദത്തില്‍‌ പറഞ്ഞു "അഭീ, ജന്മദിനാശംസകള്‍‌... പക്ഷെ ഇന്ന് നിനക്കൊരു മോശം ദിവസമാണെടാ.. നീ വിഷമിക്കുകയൊന്നും ചെയ്യരുത്... നീ പൂനെയില്‍‌ ഉണ്ടായിരുന്നപ്പോള്‍‌ പരിചയപ്പെട്ട ഒരു പെണ്‍കൊച്ചില്ലേ.. സഞ്ചന... അവള്‍‌... ഇന്ന് രാവിലെ........"


അച്ഛന്‍‌ വാചകം മുഴുമിപ്പിക്കാതെ നിര്‍ത്തി...

ഞാന്‍‌ ഷോക്കേറ്റ ഒരു അവസ്ഥയിലൂടെ ഒരു നിമിഷം കടന്നുപോയി.. അല്‍‌പസമയത്തെ നിശബ്ദത..
"അഭി...അഭീ ആര്‍ യൂ ഓകെ?...." അച്ഛന്‍‌ സംസാരിക്കുന്നതു വ്യക്തമായി കേള്‍‌ക്കാന്‍‌ കഴിയുന്നുണ്ടായിരുന്നില്ല.. മനസ്സ് പരിപൂര്‍ണ്ണ ശൂന്യം..

കണ്ണില്‍ ഇരുട്ട് കയറുന്നതുപോലെ തോന്നുന്നു....അല്‍‌പസമയം കഴിഞ്ഞ് പിന്നെയും ഫോണ്‍‌ ശബ്ദിച്ചു.അച്ഛനാണ്.. പൂനെയിലെ അങ്കിളിനും ആന്റിക്കും എന്നേട് ഈ വിവരം പറയാന്‍‌ വിഷമമായതുകൊണ്ട് അച്ഛനോട് പറഞ്ഞേല്‍‌പ്പിച്ചതാണ് എന്ന് എന്നെ അറിയിക്കുമ്പോഴും, അവള്‍ ഈ ലോകത്ത് നിന്ന് യാത്രയായിരിക്കുന്നു എന്ന യാഥാര്‍ത്യം ഉള്‍‌ക്കൊള്ളാനാവാതെ ഞാനിരുന്നു.

അവള്‍‌ ഇനി ഒരുപിടി ഓര്‍മ്മകള്‍‌ മാത്രം...

ഭാവിയുടെ വാഗ്‌ദാനമായിരുന്ന ആ കുരുന്നു പ്രതിഭയെ അതിവേഗം നക്ഷത്രങ്ങളുടെ ലോകത്തേക്ക് തിരികെ വിളിച്ച ഈശ്വരനോട് ആദ്യമായി എനിക്ക് വെറുപ്പുതോന്നി.. ‘ജൂലയ് 2’ എന്ന ദിനത്തില്‍‌ സ്വന്തം ജന്‍‌മദിനവും, മനസ്സില്‍‌ തലോലിച്ചുനടന്ന ഒരു കൂട്ടുകാരിയുടെ ചരമദിവവും അനുഭവിക്കേണ്ടിവന്നതിന്റെ വേദന ഒരു വര്‍ഷത്തിനു ശേഷം ഈ ജുലയ് മാസത്തിലും അനുഭവിച്ചതാണ് ഈ പോസ്റ്റ് എഴുതാന്‍‌ എന്നെ പ്രേരിപ്പിച്ചത്...

മനസ്സില്‍‌ ഒരുപാട് നൊമ്പരത്തോടെ, എന്റെ ബ്ലോഗ്ഗ് ലോകത്തെ സുഹൃത്തുക്കള്‍‌ക്കായി പങ്കുവയ്ക്കുന്നു....

ഞാന്‍‌ അന്ന് പാടി അവള്‍‌ക്ക് അയച്ചുകൊടുത്ത അവളുടെ പ്രിയഗാനം....

അനന്തതയിലെ ആ മായികലോകത്തിരുന്ന് കൊണ്ട് അവള്‍‌ ഇപ്പോഴും ആസ്വദിക്കുന്നുണ്ടാവും എന്റെ ആ പുതുവത്സരസമ്മാനം എന്നാണ് ഇപ്പോഴും ഞാന്‍‌ വിശ്വസിക്കാന്‍‌ ശ്രമിക്കുന്നത്.... അഥവാ, അങ്ങിനെയായിരിക്കണേ എന്നതാണ് എന്റെ ‘അഭിലാഷങ്ങളില്‍‌‘ എന്നുമെന്നും ഒന്നാമത്തേത്.....